10, 12 സിബിഎസ്‌ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി നിർബന്ധമാക്കി; സിസിടിവി ഇല്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്നും സിബിഎസ്‌ഇ

ദില്ലി: സിബിഎസ്‌ഇ (സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്‌ഇ അറിയിച്ചു.

Advertisements

2024 – 25 വർഷത്തില്‍ രാജ്യത്താകെ 44 ലക്ഷം വിദ്യാർത്ഥികള്‍ സിബിഎസ്‌ഇ 10, 12 ബോർഡ് പരീക്ഷ എഴുതും. 8,000ത്തോളം സ്കൂളുകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാ കാലയളവിലുടനീളം കേന്ദ്രങ്ങളില്‍ ഉയർന്ന റെസല്യൂഷനുള്ള ദൃശ്യം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളുടെ പൂർണമായ ദൃശ്യം ലഭിക്കുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച്‌ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്‌ഇ നിർദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കണം. ദൃശ്യങ്ങള്‍ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ കാണാനാവൂ. ഫലപ്രഖ്യാപനത്തിന് ശേഷം രണ്ട് മാസം വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കുമെന്നും സിബിഎസ്‍ഇ അറിയിച്ചു. പരീക്ഷാ നടത്തിപ്പ് നീതിയുക്തവും സുതാര്യവുമാണെന്ന് ഉറപ്പാക്കാൻ ഓരോ 10 പരീക്ഷാ മുറികള്‍ക്കും അല്ലെങ്കില്‍ 240 വിദ്യാർത്ഥികള്‍ക്കായി ഒരു വ്യക്തിയെ നിയോഗിക്കുമെന്നും സിബിഎസ്‍ഇ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം 2020ന്‍റെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണ് സുഗമമായ പരീക്ഷാ നടത്തിപ്പിനായി ഈ മാറ്റം കൊണ്ടുവരുന്നതെന്ന് സിബിഎസ്‌ഇ അറിയിച്ചു. ഫെബ്രുവരി പകുതിയോടെയാവും ഈ അധ്യയന വർഷത്തിലെ പരീക്ഷ നടത്തുക. ഔദ്യോഗികമായി പരീക്ഷാ തിയ്യതി സിബിഎസ്‍ഇ അറിയിച്ചിട്ടില്ല.

Hot Topics

Related Articles