സി.സി.ടിവിയും വിരലടയാളവും കിറു കൃത്യം; മോഷണ മുതൽ വാങ്ങാൻ എസ്.ഐയും എത്തി; പാലായിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കുടുങ്ങിയത് പൊലീസ് ബുദ്ധിയിൽ

പാലാ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നാൽപ്പതോലം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ വിരലടയാളവും സിസിടിവി ക്യാമറയും പൊലീസിന്റെ ബുദ്ധിയും ചേർന്നു കുടുക്കി. സിസിടിവി ക്യാമറയിലെ രൂപവും, പൊലീസ് റെക്കോഡിലുള്ള വിരലടയാളവും ഒത്തു വന്നതിനു പിന്നാലെ മോഷണ മുതൽ വാങ്ങാനെന്ന വ്യാജേനെ എസ്.ഐകൂടി സമീപിച്ചതോടെ കുടുങ്ങിയത് സംസ്ഥാനത്തെ കുപ്രസിദ്ധ മോഷ്ടാവാണ്.

Advertisements

പാലാ എസ്.ഐ. എം.ഡി. അഭിലാഷാണ് മോഷണ മുതൽ വാങ്ങുന്ന തമ്പിയായി അഭിനയിച്ച് പ്രതിയെ കുടുക്കിയത്. പാലാ വേഴാങ്ങാനം ക്ഷേത്രത്തിൽ നടന്ന മോഷണ കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പനച്ചിഖാറ സുരേഷാ (61)ണ് പൊലീസിന്റെ ബുദ്ധിയിൽ കുടുങ്ങിയത്. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 21ന് പാലാ വേഴാങ്ങാനം മഹാദേവക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിൽ നിന്നു ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവുമാണ് പൊലീസിനു കേസ് അന്വേഷണത്തിൽ ഏറെ സഹായകമായത്. പൊലീസ് സംഘം കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറയുടെ സഹായത്തോടെ പ്രതിയുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്നു, ഇവിടെ നിന്നു ലഭിച്ച വിരലടയാളങ്ങൾ ഒത്തു നോക്കി. ഇതേ തുടർന്നാണ് പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചത്. മോഷണം നടത്തുന്ന ദിവസം മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്യുന്ന പ്രതി കൃത്യം നടത്തിയശേ
ഷം എത്രയും വേഗം ഒളിത്താവത്തിലേക്ക് മുങ്ങുന്ന സ്ഥിരം പതിവ് ഇവിടെയും ആവർത്തിച്ചു.

സംഭവം നടന്നതിന്റെ മൂന്നാം ദിവസം ഇയാളുടെ പുതിയ മൊബൈൽ നമ്പർ കണ്ടെത്തിയ പൊലീസ് ഒരു നാടകത്തിന് കോപ്പുകൂട്ടി. ക്ഷേത്രമോഷണ മുതലുകൾ വാങ്ങുന്ന ”തമ്പി” എന്ന ആളായി പാലാ എസ്.ഐ. എം.ഡി. അഭിലാഷ് ഇയാളുമായി ഫോണിൽ ബന്ധം സ്ഥാപിച്ചു. ആദ്യമൊന്നും അടുക്കാതിരുന്ന സുരേഷ് ഒടുവിൽ ”തമ്പി”യുമായി ചങ്ങാത്തത്തിലായി. പഴയ ഒരു മോഷണമുതൽ തന്റെ പക്കലുണ്ടെന്നും ഇപ്പോൾ മലപ്പുറത്താണെന്നും വന്നാൽ നേരിൽ നൽകാമെന്നും കൂടുതൽതുക നൽകണമെന്നും സുരേഷ് ”തമ്പിയോട് പറഞ്ഞു.

ഇതനുസരിച്ച് തമ്പിയായി വേഷംമാറിയ പാലാ എസ്.ഐ. എം.ഡി. അഭിലാഷും, എ.എസ്.ഐ. ബിജൂ കെ. തോമസും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫനും മലപ്പുറത്തെത്തി ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു. പരിശോധനയിൽ വേഴങ്ങാനം ക്ഷേത്രത്തിൽ മോഷണം നടത്തിയ സമയത്ത് ഇയാൾ ധരിച്ചിരുന്ന വേഷവും, ബാഗും പൊലീസ് കണ്ടെടുത്തു.
അടുത്തിടെ രാമപുരം സ്റ്റേഷൻ പരിധിയിൽ നടന്ന തുടർമോഷണങ്ങൾക്ക് പിന്നിലും ഇയാളെ സംശയിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി 40ഓളം മോഷണകേസുകളിൽ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിവിധ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. മലപ്പുറത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Hot Topics

Related Articles