ദില്ലി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലും പാര്‍ലമെന്റ് പ്രക്ഷുബ്ധം. ത്രിഭാഷ വിവാദം, മണ്ഡല പുനര്‍ നിര്‍ണ്ണയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. ത്രിഭാഷ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഡിഎംകെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴി തെറ്റിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് തിരിച്ചടിച്ചു.
മണ്ഡലപുനര്‍ നിര്‍ണ്ണയം, ത്രിഭാഷ വിവാദം, ഇരട്ട വോട്ടര്‍ ഐഡി തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിലും ചര്‍ച്ചയില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നിലപാടെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ കുറ്റസമ്മതം നടത്തിയതിനാല്‍ ഇരട്ട വോട്ടര്‍ ഐഡിയില്‍ ചര്‍ച്ച നടത്തിയേ മതിയാവൂയെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ഖര്‍ഗെയയേയും പിന്നീട് സംസാരിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയും ഇതേ ആവശ്യം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തുന്നതടക്കം ലക്ഷ്യങ്ങളുമായി തുടങ്ങിയ പിഎം ശ്രീ പദ്ധതിയിലെ ചര്‍ച്ചക്കിടെയാണ് ത്രിഭാഷ വിവാദം ഡിഎംകെ ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും, ദേശീയ വിദ്യാഭ്യാസ നയത്തില്‍ തമിഴ്നാട് യു- ടേണ്‍ എടുക്കയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന് കുറ്റപ്പെടുത്തി. തുടര്‍ന്ന് ബഹളത്തില്‍ മുങ്ങിയ ലോക്സഭ 12 മണിവരെ നിര്‍ത്തി വച്ചു. വിവാദമായ രണ്ട് വിഷയങ്ങളിലും ചര്‍ച്ചയില്ലെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.