ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടു നല്‍കാത്തതില്‍ വിവാദം കനക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ മൻമോഹൻ സിങിന്‍റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്.
ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ദില്ലിയിലെ ഔദ്യോഗിക വസതിയിലുള്ള മൻമോഹൻ സിങിന്‍റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒൻപതര വരെ കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിന്‍റെ നടപടിയില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
മൻമോഹൻസിങിന്‍റെ സ്മാരകത്തിന് സ്ഥലം നല്‍ക്കാത്തതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.
സർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ ആരോപിച്ചിരുന്നു. പഞ്ചാബിന്‍റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നും ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിന്‍റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് അകാലിദള്‍ നേതാവ് സുഖ്ബീർ ബാദല്‍ പറഞ്ഞിരുന്നു. ആദ്യ സിഖ് പ്രധാനമന്ത്രിയെ സർക്കാർ അപമാനിച്ചു എന്നായിരുന്നു ജയറാം രമേശിന്‍റെ ആരോപണം. സ്മാരകത്തിനുള്ള സ്ഥലം പിന്നീട് നല്‍കാം എന്നാണ് സർക്കാർ കുടുംബത്തെ അറിയിച്ചത്. രാഷ്ട്ര നേതാക്കളുടെ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള പ്രത്യേക ഇടത്തിന് സർക്കാർ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.