ഡൽഹി: ശബരി റെയിൽവേയ്‌ക്ക് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ വില നൽകലും നിർമ്മാണവും വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികൾ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു നിവേദനം നൽകി. കിഫ്‌ബി വഴി വായ്‌പ എടുത്ത് സംസ്ഥാന വിഹിതം ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ വായ്‌പ പരിധി ഉയർത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിൽ പദ്ധതിയുടെ പ്രാധാന്യവും കല്ലിട്ട് തിരിച്ച സ്ഥലമുടമകളുടെ ദുരിതവും പരിഗണിച്ചു. 100% ഫണ്ട് കേന്ദ്ര സർക്കാർ നൽകി പദ്ധതി നടപ്പാക്കണമെന്നും ഫെഡറേഷൻ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ചപ്പോൾ ശബരി റെയിൽവേയുടെ പകുതി തുക നിബന്ധനകൾ ഇല്ലാതെ നൽകാമെന്ന് കത്തിലൂടെ ഉറപ്പ് നൽകിയിട്ടുള്ളതിനാൽ പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിവേദക സംഘത്തോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ധാരണയിലായതിനാൽ ശബരി റെയിൽവേ പദ്ധതി നിർമ്മാണത്തിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാങ്ങൾക്ക് നൽകുന്ന ഒന്നരലക്ഷം കോടി രൂപയുടെ പലിശ രഹിത ദീർഘകാല വായ്‌പ പദ്ധതിയിൽ ശബരി റെയിൽവേയുടെ സംസ്ഥാന വിഹിതം കൂടി ഉൾപെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടാൽ ശബരി റെയിൽവേയുടെ സംസ്ഥാന വിഹിതത്തിന് ഫണ്ട് ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.