സെഞ്ച്വറിയൻ: ചരിത്രം തിരുത്താനിറങ്ങിയ ഇന്ത്യയ്ക്ക് ബോക്‌സിംങ് ഡേ ടെസ്റ്റിൽ ഭേദപ്പെട്ട സ്‌കോർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടി പുറത്തായ കെ.എൽ രാഹുലിന്റെ മികവിൽ ഇന്ത്യ 245 റൺ എന്ന ഭേദപ്പെട്ട സ്‌കോർ രണ്ടാം ദിനം സ്വന്തമാക്കി. എട്ട് ഓവർ മാത്രമാണ് രണ്ടാം ദിനം ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് നീണ്ടത്. സിറാജിനെ (5) ഒപ്പം നിർത്തിയാണ് രാഹുൽ ചെറുത്ത് നിൽപ്പ് നടത്തിയത്. എന്നാൽ, ആറ് ഓവറിന് ശേഷം സിറാജ് പുറത്തായതോടെ ഇന്ത്യൻ പ്രതിരോധത്തിൽ രാഹുലും, പ്രതീഷ് കൃഷ്ണയും മാത്രമായി. പിന്നാലെ, സെഞ്ച്വറി തികച്ച രാഹുൽ ഇന്ത്യയെ മാന്യമായ സ്‌കോറിൽ എത്തിച്ചു. 137 പന്തിൽ നാലു സിക്‌സും 14 ഫോറും അടിച്ചാണ് രാഹുൽ ഇന്ത്യയ്ക്ക് വേണ്ടി ചെറുത്ത് നിന്നത്. പ്രതീഷ് കൃഷ്ണ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 20 ഓവറിൽ 59 റൺ മാത്രം വഴങ്ങിയ റബാൻഡ അഞ്ചു വിക്കറ്റ് വീഴ്ത്തി. ബർഗർ മൂന്നു വിക്കറ്റും, ജാനിസനും , കോട്‌സെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.