ചടയമംഗലം: എം.സി റോഡില്‍ ചടയമംഗലത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാ റ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.
ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു സംഭവം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും വിപരീത ദിശയില്‍ ചടയമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.