തിരുവനന്തപുരം : ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. സ്വര്‍ണമാല പൊട്ടിച്ചെന്ന് കരുതുന്ന രണ്ട് തമിഴ് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.തമിഴ്നാട് സ്വദേശികളായ പത്മയെയും കനകയെയുമാണ് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം ആര്യനാടിനടുത്ത് തോളൂര്‍ ചെമ്ബക മംഗലം ഭദ്രകാളി ക്ഷേത്രത്തിലാണ് സംഭവം.ക്ഷേത്രത്തില്‍ യാഗം നടക്കുന്നതിനിടെ പലരില്‍ നിന്നായി മാല കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയായിരുന്നു വ്യാപക മോഷണം നടന്നത്. മാല നഷ്ടപ്പെട്ട വിവരം ഏതാനും സ്ത്രീകളാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. നാലും മൂന്നും പവന് തൂക്കം വരുന്ന സ്വര്‍ണ മാല നഷ്ടപ്പെട്ടു എന്നായിരുന്നു ഇവര്‍ അറിയിച്ചത്.പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ എന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചത്.അതേസമയം ഇരുവരുടെയും കൈവശം രേഖകളില്ലാത്തതിനാല്‍ പേര് സ്ഥിരീകരിക്കാറായിട്ടില്ല. ആളുകളില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെത്താനായിട്ടില്ല. ഓടി രക്ഷപ്പെട്ട ആളിന്റെ കൈവശം ആകാം സ്വര്‍ണ്ണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഉദ്യോഗസ്ഥര്‍ ഊര്‍ജ്ജിതമാക്കി.