ലണ്ടൻ : തുടര്‍ച്ചയായ മൂന്നാം തവണയും പ്രീമിയര്‍ ലീഗ് ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്സനല്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് തോല്‍വി വഴങ്ങിയതോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീം കിരീടം ഉറപ്പിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിഹാസ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹാട്രിക് പ്രീമിയര്‍ ലീഗ് കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ക്ലബ് ഈ അതുല്യ നേട്ടം സ്വന്തമാക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്.
നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 1-0ത്തിന് പരാജയപ്പെട്ട ആഴ്സനലിന് 37 മത്സരങ്ങളില്‍ 81 പോയിന്റാണുള്ളത്. 35 മത്സരങ്ങള്‍ മാത്രം കളിച്ച സിറ്റിക്ക് ഇപ്പോള്‍ തന്നെ 85 പോയിന്റുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുമായി 4 പോയിന്റിന് പിന്നിലുള്ള ആഴ്സനലിന് അവസാന മത്സരത്തില്‍ വോള്‍വ്സിനെ തോല്‍പ്പിച്ചാലും 84 പോയിന്റ് മാത്രമെ ലഭിക്കുകയുള്ളു. ഇതോടെയാണ് ഗ്വാര്‍ഡിയോളയുടെ ടീം കിരീടം ഉറപ്പിച്ചത്.
സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടുന്നുണ്ട്. മത്സര ശേഷം പ്രീമിയര്‍ ലീഗ് ജേതാക്കള്‍ക്കുള്ള കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്താനുള്ള ഭാഗ്യമാണ് പെപ്പിനും പിള്ളേര്‍ക്കും ലഭിക്കാന്‍ പോകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പോയിന്റ് ടേബിളില്‍ ആഴ്സനലിന് പിന്നിലായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി, അടുത്തിടെയാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ജനുവരിയില്‍ ആഴ്സനലുമായി 8 പോയിന്റിന് വരെ പിന്നില്‍ പോയ സിറ്റി, ലീഗില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അവസാന 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ജയിക്കാന്‍ സിറ്റിക്കായി. ഫെബ്രുവരി 5ന് ടോട്ടന്‍ഹാമിനെതിരെയാണ് അവര്‍ അവസാനമായി പരാജയപ്പെട്ടത്.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ കളിച്ച 35 മത്സരങ്ങളില്‍ 27 ഉം ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ആകെ 92 ഗോളുകളാണ് അടിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ട്രെബില്‍ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ് എന്ന നേട്ടത്തിന്റെ അരികിലാണ് ഗ്വാര്‍ഡിയോളയുടെ ടീം. എഫ്‌എ കപ്പ് ഫൈനലില്‍ ചിര വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്ന സിറ്റി, ചാമ്ബ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനുമായി ഏറ്റുമുട്ടും.