കോട്ടയം : സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കില്‍ അതില്‍ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ. സോളാർ സമര വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കില്‍ തെറ്റില്ല. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കില്‍ അകപ്പെട്ട സിപിഎം അതില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കില്‍ അതില്‍ തെറ്റില്ലന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോളാറില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധമാണ് ഒരാളെ തേജോവധം ചെയ്തത്. മുഖ്യമന്ത്രിയെ പുറത്താക്കാൻ ഫ്രഞ്ച് വിപ്ലവം പോലെ സമരം നടന്നുവെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ചരിത്രപരമായ തെറ്റാണ് ഉണ്ടായതെന്ന് സിപിഎം മനസ്സിലാക്കണമെന്നും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തോട് ക്ഷമ ചോദിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.