കോട്ടയം : ചങ്ങനാശ്ശേരിയില്‍ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 12.5 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈ് സംഘം പിടികൂടി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോണ്‍ നജീബിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
റെയില്‍വേ സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ നിന്നിരുന്ന നജീബിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വില്‍പ്പന നടത്താനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും മറ്റാർക്കെങ്കിലും ലഹരി കടത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതിനിടെ വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ 160.77 ഗ്രാം മെത്താംഫിറ്റമിനുമായി ഒരു യുവാവ് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അൻവർഷായെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി കെഎസ്‌ആർടിസി ബസില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരിയാണ് എക്സൈസ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവില്‍പ്പനക്കായി കൊണ്ടു പോകവേയാണ് ഇയാള്‍ പിടിയിലായത്. വിപണിയില്‍ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ നിധിൻ കെവിയുടെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസർമാരായ രഘു എംഎ, ലത്തീഫ് കെഎം, സിവില്‍ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, ബാബു ആർസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.