തൻ്റെയും അസിസ്റ്റന്റായ യുവതിയുടെയും സാരി വലിച്ചൂരാൻ ശ്രമിച്ചു : ജൂനിയർ ആർട്ടിസ്റ്റുകള്‍ ബലാത്സംഗത്തിനിരയായി : മലയാള സിനിമയിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ചാർമിള 

കൊച്ചി : മലയാള സിനിമാ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ട ദുരനുഭവങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടി ചാർമിള തുറന്നു പറഞ്ഞത്. സിനിമാ നിർമ്മാതാവും പ്രൊഡക്ഷൻ മാനേജരും ഉള്‍പ്പെടെയുള്ളവർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെയും അസിസ്റ്റന്റായ യുവതിയുടെയും സാരി വലിച്ചൂരാൻ ശ്രമിച്ചെന്നും ജൂനിയർ ആർട്ടിസ്റ്റുകള്‍ ബലാത്സംഗത്തിനിരയായെന്നുമാണ് താരം തുറന്നു പറഞ്ഞത്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടക്കുന്നതിനിടെയാണ് ചാർമിളയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തി രംഗത്തെത്തിയത്.

Advertisements

നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്നാണ് ഹോട്ടല്‍മുറിയില്‍ വച്ച്‌ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള പറയുന്നു. ”1997ല്‍ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഓടിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷണ്‍മുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാൻ ശ്രമിച്ചത്. ‍ഞാൻ‌ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായി.”- ചാർമിള പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ എന്ന സിനിമയില്‍നിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയില്‍നിന്ന് ഒഴിവാക്കി.

ഒരുപാട് മലയാള സിനിമകള്‍ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്. നാലു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളത് മലയാള സിനിമയിലാണ്. മോശമായി പെരുമാറിയവരില്‍ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാല്‍ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകള്‍ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. കേസുമായി മുന്നോട്ടു പോകാൻ താല്‍പര്യമില്ലെന്നും തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.

Hot Topics

Related Articles