തൃശൂര്‍: തൃശൂരില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്‌ഐയ്ക്ക് ക്ലീൻ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്. തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിന്‍റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കാരള്‍ ഗാനം പാടുന്നത് എസ്‌ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്‌ഐ താക്കീത് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ എസ്‌ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഈ ആവശ്യം ഉള്‍പ്പെടെ തള്ളികൊണ്ട് വിജിത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്തിനാലാണ് തടഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്‌ഐ ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എസ്.ഐയെ സസ്പെൻഡ് ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് പള്ളി അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം വിവാദമായതിന് പിന്നാലെ വിജിത്ത് അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് ശബരിമല ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. സിപിഎം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് വിജിത്ത് അവധിയില്‍ പോയത്. മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ക്രിസ്തുമസ് തിരുക്കർമ്മങ്ങള്‍ക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് എസ്‌ഐ പരിപാടി തടഞ്ഞ സംഭവം ഉണ്ടായത്. തിരുകർമ്മങ്ങള്‍ക്ക് മുമ്ബായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പല്‍ തീർഥ കേന്ദ്രത്തില്‍ എല്ലാ കൊല്ലവും കാരള്‍ ഗാനങ്ങള്‍ ഇടവക അംഗങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ഇത്തവണയും പരിപാടിക്കായി സ്റ്റേജ് കെട്ടി തയ്യാറെടുപ്പുകള്‍ നടത്തി. മാർ തട്ടിലിനെ സ്വീകരിക്കുന്നതിന് ഇടവക അംഗങ്ങള്‍ ഗേറ്റിനോടടുത്ത് നില്‍ക്കുന്ന സമയത്തായിരുന്നു പള്ളി അങ്കണത്തില്‍ മൈക്ക് സെറ്റ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ചാവക്കാട് എസ്.ഐ വിജിത്ത് രംഗത്തെത്തിയത്. കാരള്‍ ഗാനത്തിനായി പള്ളി മുറ്റത്തെ വേദിയില്‍ ഒരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.