മുംബൈ: പടുത്തുയർത്തിയ പടുകൂറ്റൻ ടോട്ടൽ പ്രതിരോധിക്കാൻ ബൗളർമാർക്ക് ആകാതെ വന്നതോടെ, ഐ.പിഎല്ലിൽ ചെന്നൈയ്ക്ക് വീണ്ടും തോൽവി. രണ്ടു മത്സരങ്ങളിലും ധോണി തിളങ്ങിയെങ്കിലും തോൽവി ചെന്നൈയെ ഇരുത്തിചിന്തിപ്പിക്കും. ഇത്തവണ ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സിനോടാണ് ചെന്നൈയുടെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിലും ചെന്നെ എട്ടാമതായി. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ എഡ്വിൻ ലൂയിസാണ് ചെന്നൈയെ തകർത്തത്. ദീപക് ഹൂഡയെ പുറത്താക്കിയ ഡൈ്വൻ ബ്രാവോ, ഐപിഎല്ലിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായും മാറി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 27 പന്തിൽ 50 റണ്ണെടുത്ത ഉത്തപ്പയുടെയും, 35 റണ്ണെടുത്ത മോയിൻ അലിയുടെയും, 49 റണ്ണെടുത്ത ശിവം ദുബൈയുടെയും, അവസാന ആറു പന്തിൽ 16 റണ്ണടിച്ച ധോണിയുടെയും ബാറ്റിംങ് മികവിലാണ് 201 എന്ന മികച്ച സ്‌കോർ കണ്ടെത്തിയത്. എന്നാൽ, മറുപടി ബാറ്റിംങിനായി ഇറങ്ങിയ ലഖ്‌നൗവിന് ഒരു ഘട്ടത്തിൽ പോലും ചെന്നൈ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വിന്റൽ ഡികോക്കും (61) ക്യാപ്റ്റൻ രാഹുലും (40) ഒരു വശത്ത് ഉറച്ച് നിന്ന് പൊരുതിയതോടെ ആദ്യ വിക്കറ്റ് വീഴാൻ പോലും ചെന്നൈയ്ക്ക് 99 റൺവരെ കാത്ത് നിൽക്കേണ്ടി വന്നു. രാഹുലിനു പിന്നാലെ മനീഷ് പാണ്ഡെയും വേഗം പുറത്തായെങ്കിലും, ഡിക്കോക്കിനൊപ്പം ലൂയിസ് ഉറച്ച് നിന്നപ്പോൾ ചെന്നൈയ്ക്ക് ഒന്നും ചെയ്യാനായില്ല. 23 പന്തിൽ 55 റണ്ണടിച്ച ലൂയിസ് അതിവേഗ അരസെഞ്ച്വറിയും സ്വന്തമാക്കി പുറത്താകാതെ നിന്നു. 9 പന്തിൽ 19 റണ്ണടിച്ച ബദോനിയാണ് ടീമിനെ വിജയത്തിൽ എത്തിച്ച സിക്‌സ് പറത്തിയത്.