തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സംസ്ഥാനത്തെ പരിശോധനകള്‍ ഈ മാസം ഇരുപത്തിയെട്ടിന് തുടങ്ങും. സംസ്ഥാന പൊലീസിനേയും റവന്യൂ വകുപ്പിനേയും മറ്റ് ഏജൻസികളേയും യോജിപ്പിച്ചാകും ആദായ നികുതി വകുപ്പിന്‍റെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും പരിശോധന. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്ന 28 മുതല്‍ കളളപ്പണ പരിശോധനയും ശക്തമാക്കും. ലോക്സഭാ മണ്ഡലത്തില്‍ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് ചെലവാക്കാനാകുക.
വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും റോഡിലെ വാഹനങ്ങളിലും പരിശോധനയുണ്ടാകും. വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതില്‍ കളളപ്പണമൊഴുകുമെന്ന റിപ്പോർട്ടുകളും കേന്ദ്ര ഏജൻസികള്‍ക്ക് മുന്നിലുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. വലിയ തുകയുമായി വ്യക്തികള്‍ക്ക് സഞ്ചരിക്കുന്നതിന് തടസമില്ലെങ്കിലും തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയാല്‍ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കിയാലേ തിരിച്ചുകൊടുക്കൂ. കളളപ്പണമൊഴുകാൻ സാധ്യതയുളള ബാങ്ക് അക്കൗണ്ടുകളും പട്ടികയും ഏജൻസികള്‍ തയാറാക്കുന്നുണ്ട്.