ലണ്ടൻ: ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസി വിടാൻ ഒരുങ്ങുന്നു. 2020ൽ പി എസ് ജി വിട്ട തിയാഗോ ചെൽസിയിലേക്കെത്തി. 150 ഓളം മത്സരങ്ങളിൽ ചെൽസിയെ ബ്രസീലിയൻ താരം പ്രതിനിധീകരിച്ചു. ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് തുടങ്ങിയ നേട്ടങ്ങൾ ചെൽസിക്കൊപ്പം സിൽവ സ്വന്തമാക്കിയിട്ടുണ്ട്.ശനിയാഴ്ച നടന്ന ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിൽ 90-ാം മിനിറ്റിൽ സിൽവയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. പരിക്കിനെ തുടർന്നാണ് താരത്തെ മാറ്റേണ്ടിവന്നത്. പരിക്ക് ഭേദമായില്ലെങ്കിൽ ഇത് ചെൽസിക്കായി സിൽവയുടെ അവസാന മത്സരമെന്നാണ് കരുതുന്നത്. പിന്നാലെ ആരാധകർക്കായി താരത്തിന്റെ സന്ദേശവും വന്നു.പുതിയൊരു റോളിൽ ചെൽസിയിലേക്ക് തിരിച്ചെത്തുമെന്നാണ് സിൽവയുടെ വാക്കുകൾ. ചെൽസി എനിക്ക് ഒരുപാട് പ്രിയപ്പെട്ട ക്ലബാണ്. ഒരു വർഷം മാത്രം കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടേയ്ക്ക് എത്തിയത്. എന്നാൽ നാല് വർഷമായി താൻ ഇവിടെ തുടരുന്നുവെന്നും സിൽവ വ്യക്തമാക്കി.