ചെമ്പൈ പുരസ്കാരം സുപ്രസിദ്ധ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നൽകുന്ന 2021 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രഖ്യാപിച്ചു. തെന്നിന്ത്യയിലെ സുപ്രസിദ്ധ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനാണ് ചെമ്പൈ പുരസ്കാരം. നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം. ഇതാദ്യമായാണ് ഒരു നാദസ്വരം കലാകാരൻ പുരസ്കാരത്തിന് അർഹനാകുന്നത്.
50,001/- രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം. ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 47-ാമത് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബർ 29നാണ് പുരസ്കാരം നൽകും. വൈകീട്ട് 5ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം പിന്നോക്കക്ഷേമ-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ തിരുവിഴ ജയശങ്കറിന് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിന്റെ നാദസ്വര കച്ചേരിയും ഉണ്ടാകും.

Advertisements

Hot Topics

Related Articles