ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് 23കാരൻ മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കല്‍ തട്ടാൻകണ്ടി വീട്ടില്‍ പ്രീതയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. എംസി റോഡില്‍ ചെങ്ങന്നൂർ ടൗണില്‍ എസ്‌എൻഡിപി യൂണിയൻ കെട്ടിടത്തിന് മുന്നില്‍ വച്ചായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ വിഷ്ണു 15 അടിയോളം ഉയരത്തില്‍ പൊങ്ങി ബോർഡില്‍ തലയിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് യാത്രികനായ അമ്പലപ്പുഴ കരൂർ പുതുവല്‍ വിവേകിനും ഗുരുതര പരിക്കേറ്റു. യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.