ചെന്നൈ: തമിഴ്നാട് നീലഗിരിയില്‍ വിദ്യാർത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂള്‍ അധ്യാപകൻ അറസ്റ്റില്‍.21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകൻ സെന്തില്‍ കുമാർ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നീലഗിരിയിലെ സർക്കാർ സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാൻ പൊലീസുകാർ എത്തിയതാണ് വഴിത്തിരിവായത്. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് വിശദമായി പറഞ്ഞുകൊടുത്ത പൊലീസുകാർ ലൈംഗികാതിക്രമം നടന്നാല്‍ ഉടൻ അധികൃതരെ അറിയിക്കണമെന്ന് നിർദേശിച്ചതോടെ ഒരു വിദ്യാർത്ഥിനിക്ക് ധൈര്യമായി. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ശാസ്ത്ര അധ്യാപകനായ സെന്തില്‍ കുമാർ പലപ്പോഴും മോശമായ രീതിയില്‍ തന്നെ സ്പർശിച്ചിട്ടുണ്ടെന്നും, ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് ബലമായി ചുംബിച്ചിട്ടുണ്ടന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടെത്തി. സെന്തില്‍ കുമാർ ലൈംഗികാതിക്രമം നടത്തിയതിന്റെ ദുരനുഭവം 21 കുട്ടികള്‍ ആണ് തുറന്നു പറഞ്ഞത്. മറ്റുള്ളവരോട് പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവിയായ എൻ.എസ് നിഷയെ വിവരമറിയിച്ച പൊലീസ് പിന്നാലെ അധ്യാപകനെ അറസ്റ്റുചെയ്തു.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇയാള്‍ നീലഗിരിയിലെ സർക്കാർ സ്കൂളില്‍ എത്തിയത്. സെന്തില്‍ കുമാർ കഴിഞ്ഞ 23 വർഷമായി സർക്കാർ സ്കൂളുകളില്‍ അധ്യാപകനാണ്. ഇയാള്‍ നേരത്തെ പഠിപ്പിച്ചിരുന്ന സ്കൂളുകളിലും വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.