പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണു പത്തനംതിട്ടയില്‍ നടന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തില്‍ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ കേസില്‍ അറുപതില്‍പരം പ്രതികള്‍ ഉണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അതിന് അവസരമുണ്ടാകാത്ത രീതിയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന സംഭവമായിട്ടും സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തത് നിരാശാജനകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്കും ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായാലും അവരെയൊന്നും രക്ഷപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.