തിരുവനന്തപുരം :എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് സംസാരിക്കുന്നത്. പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രിയും കൂട്ടരുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്കും പ്രതിപക്ഷ നേതാവിനുമിടയില് ഭിന്നതയുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് ചെന്നിത്തല പറഞ്ഞു. എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ രമേശ് ചെന്നിത്തല പത്രസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ഇതിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നെയാണെന്നും ഇക്കാര്യം ജനങ്ങള്‍ക്ക് അറിയാം ആ പരിപ്പൊന്നും വേവാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഉന്നയിച്ച ഒരു ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഉപകരാറിനെ കുറിച്ചും ഒന്നും വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പ്രസാഡിയ കമ്പനിയുടെ ഉടമയാരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.