തിരുവനന്തപുരം: പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന് ചെറിയാന് ഫിലിപ്പ് ആവശ്യപ്പെട്ടു. സംസ്ഥാന തലം മുതല്‍ വാർഡ് തലം വരെ പ്രവർത്തിച്ചിരുന്ന കോണ്‍ഗ്രസ് പാരമ്പര്യവും സംസ്കാരവുമുള്ള നിരവധി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയില്‍ വീണ്ടും സജീവമാക്കാൻ കെപിസിസിയും ഡിസിസികളും ഒരു സമഗ്രപരിപാടി തയ്യാറാക്കണം. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഒരു മണല്‍ തരി പോലും പ്രധാനമാണ്.
അവഗണനയുടെ പേരില്‍ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോണ്‍ഗ്രസ് വിട്ടത്. 2005 ല്‍ ഡിഐസിയില്‍ ചേർന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്.സിപിഎം, ബി.പി എന്നിവയില്‍ ചേർന്ന കോണ്‍ഗ്രസുകാർക്ക് അവരുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോണ്‍ഗ്രസ് സംസ്ക്കാരമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, എൻ.സി.പി എന്നിവയില്‍ അസ്വസ്ഥരായ കോണ്‍ഗ്രസുകാർ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.