ചൈന്നൈ: ഏറ്റവും കൂടുതല്‍ ഓഡര്‍ ലഭിച്ച വിഭവമേതെന്ന് വെളിപ്പെടുത്തി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കഴിഞ്ഞ ആറുവര്‍ഷമായി ചിക്കന്‍ ബിരിയാണിയാണ് തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഓഡര്‍ കിട്ടിയ വിഭവമെന്ന് സ്വിഗ്ഗി സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മിനിറ്റില്‍ 115 ചിക്കന്‍ ബിരിയാണി(സെക്കന്‍ഡില്‍ 2 എണ്ണം) ഇന്ത്യക്കാര്‍ ഓഡര്‍ ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഓഡര്‍ ചെയ്ത ഭക്ഷണത്തിന്റെ എണ്ണത്തിലും വര്‍ധന ഉണ്ടായി.
കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളില്‍ നിന്നാണ് ചിക്കന്‍ ബിരിയാണിക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത്.സ്വിഗ്ഗിയുടെ പഴയ ഉപഭോക്താക്കളില്‍ മാത്രമല്ല പുതിയ ഉപഭോക്താക്കള്‍ക്കും ചിക്കന്‍ ബിരിയാണിയോടാണ് പ്രിയം. 4.25 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കളും ആദ്യമായി ഓഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണിയാണെന്ന് സ്വിഗ്ഗിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വിഗ്ഗിയില്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ലഭിച്ച സ്നാക് വിഭവം സമൂസയും ഡെസ്സേര്‍ട്ട് ഗുലാബ് ജാമുനും ആണ്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത ഭക്ഷണം ധാല്‍ കിച്ചഡിയാണ്. ജയ്പുരില്‍ ധാല്‍ ഫ്രൈയും ഡല്‍ഹിയില്‍ ധാല്‍ മഖാനിയും ബെംഗളൂരുവില്‍ മസാല ദോശയുമാണ് സ്വിഗ്ഗി വഴി ഏറ്റവും കൂടുതല്‍ ഓഡര്‍ കിട്ടിയത്.