വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഛര്‍ദിയെത്തുടര്‍ന്ന് കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. ശേഷം പ്രാഥമിക ചികിത്സ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇതോടെ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഇവരുടെ നിര്‍ദേശം.
തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞദിവസം മുത്തച്ഛനൊപ്പം ഗവിയില്‍ പോയിരുന്ന ആര്യ, ഇവിടെനിന്ന് ഐസ്ക്രീം കഴിച്ചതായി ബന്ധുക്കള്‍ പറയുന്നുണ്ട്. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.