ദില്ലി: രാജ്യത്തെ മദ്രസകള്‍ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകള്‍ക്കുളള സഹായങ്ങള്‍ നിർത്തലാക്കണം, മദ്രസ ബോർഡുകള്‍ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങള്‍ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങള്‍ നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തല്‍. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മദ്രസകള്‍ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുവെങ്കില്‍ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുളളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ബാലാവകാശ കമ്മീഷൻ നിർദ്ദേശങ്ങളോട് യോജിക്കാൻ ആകില്ലെന്നാണ് എൻഡിഎ സഖ്യകക്ഷിയായ എല്‍ജെപി നിലപാട്. ഏതെങ്കിലും സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് പഠിച്ച് നിർദ്ദേശങ്ങള്‍ നല്‍കാം. അതിന് പകരം മദ്രസകള്‍ പൂർണമാകും നിർത്തലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും എല്‍ജെപി വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാർട്ടികള്‍ വിഷയം പഠിക്കാമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് അറിയിച്ചത്.