റോണോരാജ്
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറും ഹീറോയും എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്
ഹീറോ ജനിക്കുന്നത് ലോകം മുഴുവൻ , അല്ലെങ്കിൽ തീരുമാനങ്ങളും സാദ്ധ്യതകളും വിധിയുമെല്ലാം അയാൾക്ക് എതിരു നിൽക്കുമ്പോഴാണ്.
ഓരോ തവണയും അയാളുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തീരുന്ന പേനയുടെ മഷി ഉണങ്ങുന്നതിന് മുൻപ് മറുപടിയുമായി അയാളെത്താറുണ്ട്. വാക്കു കൊണ്ടല്ല….ബൂട്ടുകൊണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റൊണാൾഡോ എത്രയൊക്കെ മികവ് പ്രകടിപ്പിച്ചാലും, എത്രതവണ അയാളുടെ പ്രതിഭയുടെ മിന്നലാട്ടം തുറന്നുകാട്ടിയാലും അയാളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ടാവും…ഒറ്റപ്പെട്ട സംഭവങ്ങളായി എഴുതിത്തള്ളാൻ മൽസരിക്കുന്നവർ..
അയാളുടെ ഗോളുകൾക്ക് സൗന്ദര്യം കുറവാണെന്നും ഫ്രീകിക്കും പെനാൽറ്റിയുമാണു കൂടുതലെന്നും പലരും പാടിനടക്കാറുണ്ട്. പെനാൽറ്റി എന്നത് ലോകത്ത് ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നാണെന്ന് അറിയാഞ്ഞിട്ടാവില്ല..
നിർണായക നിമിഷങ്ങളിലെ പെനാൽറ്റി നഷ്ടം ജീവിതകാലം മുഴുവൻ ഓർമിച്ചിരിക്കേണ്ടിവരുന്ന കളിക്കാരോട് ചോദിക്കുമ്പൊഴറിയാം ആ പെനാൽറ്റികളുടെ വില.
അയാളുടെ സ്കോറിങ്ങിലെ അനായാസത ഒരുപക്ഷേ കണ്ട് നിൽക്കുന്നവരെ ഇതിത്ര നിസാരമായ പണിയാണെന്ന് തോന്നിച്ചതാണെന്ന് കരുതിയാൽ അതും അസ്ഥാനത്താവില്ല..
അതിശയിപ്പിക്കുന്ന ഗോളുകൾ റൊണാൾഡോ അടിച്ചിട്ടേയില്ലെന്ന് വാദിക്കുന്നവരുടെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് പറന്നുവീഴുന്ന ബൈസിക്കിൾ കിക്കുകളും അസാധ്യമായ ഉയരത്തിൽ നിന്നുള്ള ഹെഡറുകളുമൊക്കെ മൈതാനത്ത് പിറന്നുവീഴുകയും ചെയ്യും.
ഒരു ലീഗും ടീമും നൽകുന്ന സേഫ്റ്റിയിൽ അല്ല റൊണാൾഡോ ഉണ്ടായിരുന്നത്..
സ്പോർട്ടിങ്ങും മാഞ്ചസ്റ്ററും റയൽ മാഡ്രിഡും യുവെൻ്റസും കടന്ന് മുപ്പത്തിയേഴാം വയസിൽ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിലൊന്നിൽ തിരികെ വീണ്ടും മാഞ്ചസ്റ്ററിലെത്തിയും ഗോൾ സ്കോർ ചെയ്യാൻ കഴിയുന്നത് അയാളൊരു അസാധ്യ പോരാളിയായതുകൊണ്ട് തന്നെയാണ്.
ആ പോരാട്ടം തന്നെയാണ് ഇരുന്നു കരഞ്ഞ ഗ്രൗണ്ടിലെ ചിത്രത്തിനു പകരം അയാൾക്ക് ഷെൽഫിൽ ദേശീയ ടീമിന്റെ കയ്യിലെ കപ്പിനൊപ്പമുള്ള ഫോട്ടോ വയ്ക്കാൻ ഒപ്പമുണ്ടായിരുന്നതും.
വിവിധ കേളീ ശൈലികളിലൂടെയും വിവിധ റോളുകളിലൂടെയും കടന്നുപോയിട്ടും മറക്കാനും തള്ളിക്കളയാനും ശ്രമിക്കുമ്പൊഴെല്ലാം അതെല്ലാം ഒരു പെനാൽറ്റി സ്പോട്ടിൽ വച്ച പന്ത് പോലെ അതി നിസാരമായി ഗോളാക്കിയിരിക്കും അയാൾ..
എണ്ണൂറ്റിയേഴ് ഗോളുകളുമായി ഇപ്പൊ ലോക ഫുട്ബോളിൻ്റെ ഉച്ചിയിൽ ചവിട്ടി നിൽക്കുന്ന ഒരേയൊരു രാജാവ്…
ലോകം മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം റൊണാൾഡോ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും ആരാണു ഹീറോയെന്ന്. . .
അതൊരു ശീലമാണ്. ജന്മം തൊട്ടുള്ള ശീലം. . .
അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.