പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്. രക്തസാമ്പിളുകളില്‍ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. ഇന്ന് വീണ്ടും രക്തം പരിശോധിക്കും. യുവതി നിരീക്ഷണത്തില്‍ തുടരുകയാണ്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സൂപ്രണ്ട് പറഞ്ഞു. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെജെ റീന വെളിപ്പെടുത്തിയിരുന്നു. വിശദമായ പരിശോധനയില്‍ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തില്‍ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്ബിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അമ്മയ്ക്ക് ക്രമാതീതമായ ഒരു ഭയമുണ്ടായിരുന്നത് കൊണ്ട് മേജർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അന്വേഷണത്തില്‍ വ്യക്തമായ കാര്യം റഫർ ചെയ്ത നടപടി തെറ്റായിരുന്നു എന്നാണ്. ചിറ്റൂർ സ്ഥാപനത്തിലും ആന്റി സ്നേക് വെനം ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍ അമ്മയെ പുറത്തേക്ക് വിടേണ്ട സാഹചര്യമില്ലായിരുന്നു. അതെന്തുകൊണ്ടാണെന്നുള്ള കാര്യം അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെജെ റീന പറഞ്ഞു. ഇന്നലെ രാവിലെ 11മണിയോടെയാണ് പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പാമ്ബുകടിച്ചതായി പരാതി ഉയര്‍ന്നത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ കുഞ്ഞിന്‍റെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്ബ് കടിച്ചെന്ന് യുവതി അറിയിച്ചത്.