പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ വെച്ച് യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിഎംഒ. ഇന്ന് രാവിലെ 11 മണിയോടെയാണ് മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ഗായത്രി എന്ന യുവതിക്ക് ആശുപത്രിയില്‍ വെച്ച് പാമ്പുകടിയേറ്റത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡില്‍ വെച്ചാണ് പാമ്പുകടിയേറ്റത്. വളരെ പഴക്കമേറിയ കെട്ടിടത്തിന് ചുറ്റുപാടും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ്. സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി. മഴക്കാല പൂർവ്വ ശുചീകരണം നടത്തിയെന്നാണ് നഗരസഭ ചെയർപേഴ്സണ്‍ പറഞ്ഞത്.
ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. അവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാര്‍ഡ് മെംബര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും ഗായത്രിയുടെ ബന്ധു പറഞ്ഞു. ഗായത്രിയുടെ ആരോഗ്യനിലയില്‍ പ്രതിസന്ധിയില്ലെന്നും ബന്ധു വ്യക്തമാക്കി.