മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഇത്. മോഹന്‍ലാലിന്‍റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്.
അടുത്തിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്‍തിരുന്നു. പിന്നീട് റീ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഛോട്ടാ മുംബൈ തിയറ്ററിലേക്ക് വീണ്ടും വൈകും എന്നാണ് പുതിയ അറിയിപ്പ്. തുടരും വിജയകരമായ പ്രദര്‍ശനം തുടരുന്നതിനാല്‍ ചിത്രം അല്‍പം വൈകും എന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ മണിയൻപിള്ള രാജു തന്നെ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.
ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മോഹന്‍ലാല്‍ ആരാധകര്‍ സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ ഒത്തുചേരലുകളില്‍ പലപ്പോഴും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തുന്ന മോഹന്‍ലാലിന്‍റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള ചിത്രം ആയിട്ടാണ് ഛോട്ടാ മുംബൈയെ കണക്കാക്കുന്നത്. ടെലിവിഷനിലും ഹിറ്റാണ് ഛോട്ടാ മുംബൈ.