വാഷിംഗ്ടൺ : നിരപരാധിയായിട്ടും 38 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ വംശജന് ഒടുവില്‍ ഫ്ലോറിഡയിലെ ജയിലില്‍ അന്ത്യം. ബ്രിട്ടീഷ് പൗരനായ ക്രിസ് മഹാരാജ് തിങ്കളാഴ്ചയാണ് മയാമിയിലെ ജയിലിലെ ആശുപത്രിയില്‍ മരിച്ചത്. നീതി നിഷേധത്തിന്റെ കറുത്ത അധ്യായമായിരുന്നു മഹാരാജിന്റെ ജീവിതം. 1986-ല്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ബിസിനസുകാരനായ ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ക്രിസ് മഹാരാജിനെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ബ്രിട്ടീഷ് പൌരനായ ഇന്ത്യൻ വംശജൻ ക്രിസ് മഹാരാജ് അതിസമ്പന്നനായിരുന്നു. യുഎസിലെ ബിസിനസുകാരില്‍ പ്രധാനിയായിരുന്ന ക്രിസ് കൊലക്കേസില്‍ അകപ്പെട്ടത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. റോള്‍സ് റോയിസ് കാറുകളും കൊട്ടാര സദൃശ്യമായ വീടുകളും കുതിരകളും ഒക്കെയായി ആഡംബര ജീവിതം നയിക്കുന്നതിനിടയിലാണ് ക്രിസ് മഹാരാജ് ചെയ്യാത്ത ഇരട്ടക്കൊലക്കേസില്‍ കുടുങ്ങുന്നത്. തന്‍റെ നിരപരാധിത്വം ആവർത്തിച്ച ക്രിസിന്‍റെ വാദങ്ങള്‍ കോടതി ചെവി കൊണ്ടില്ല. സാക്ഷി മൊഴികള്‍ എതിരായതോടെ കോടതി ക്രിസിന്‍റെ വാദങ്ങള്‍ തള്ളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസില്‍ ക്രിസിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇതോടെ വർഷങ്ങളുടെ നിയമ പോരാട്ടം ക്രിസ് തുടർന്നു. ഒടുവില്‍ മായമിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ് മഹാരാജിനെ 2019ല്‍ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി. എന്നാല്‍ അപ്പോഴും ക്രിസിന് പുറത്തേക്കുള്ള വാതില്‍ തുറന്നില്ല. കേസിലെ പ്രധാന സാക്ഷി നിരവധി തവണ കൂറ് മാറിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനും മയക്കുമരുന്ന് മാഫിയയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തകള്‍ പുറത്തുവന്നു. 2002ല്‍ മനുഷ്യാവകാശ സംഘടനയായ ‘റിപ്രീവ്’ എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും മോചിപ്പിക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് കോടതി വിധിച്ചതോടെ മഹാരാജിന് ജയിലില്‍ തന്നെ കഴിയേണ്ടി വന്നു.