കാൽപ്പന്തിന്റെ കാൽപ്പനികതയോടെ കവിതയോ ആയിരുന്നില്ല ക്രിസ്ത്യാനൊ റൊണാൾഡോ ദാസ് സാന്റോസ് അവേരിയോ. കളിക്കളത്തിലെ കരുത്തും കാരിരുമ്പും ആയിരുന്നു ആ 37 കാരൻ. മനക്കുരുത്തും കാൽക്കരുത്തും ഒന്നു പോലെ ആവാഹിച്ച ഇതിഹാസം. ആരാണ് ഗോട്ടെന്നു ചോദിച്ചാൽ അത് ഞാനാണെന്നു മടിക്കാതെ പറയാനുള്ള അഹങ്കാരം അലങ്കാരമാക്കിയവൻ. പോർച്ചുഗൽ എന്ന പറങ്കിക്കപ്പൽ ഒറ്റയ്ക്കു തുഴഞ്ഞ നായകൻ. പക്ഷേ, ഈ ലോകകപ്പിൽ പറങ്കിപ്പടത്തലവൻ കണ്ണീരുപ്പ് പറ്റിയ കവിൾത്തലം കൈകൊണ്ട് തുടച്ച്, താഴ്ത്തിയ തലയുമായി ഒറ്റയ്ക്ക് ഡഗൗട്ടിലേയ്ക്കു നിരാശനായി നടക്കുന്ന കാഴ്ച ഒരു ഫുട്‌ബോൾ പ്രേമിയെയും സന്തോഷിപ്പിക്കുന്നതാവില്ല.
നിമിഷാർദ്ധം കൊണ്ട് വായുവിൽ ഉയർന്നു ചാടാൻ ശേഷിയുള്ളവൻ. ഒരൊറ്റ ഷോട്ട് കൊണ്ട് കളിയുടെ കളം തന്നെ മാറ്റിമറിക്കാൻ കുതിരശക്തിയുള്ളവൻ. പക്ഷേ, ഈ ലോകകപ്പിൽ റൊണാൾഡോയെ പുറത്തിരുത്തി ടീമിനെ കളത്തിലിറക്കാൻ പോർച്ചുഗൽ കോച്ച് കാട്ടിയ മണ്ടത്തരം മറ്റൊരു ടീമും കാട്ടുമെന്നു കരുതുക വയ്യ. തന്റെ 37 ആം വയസിലും ആ മനുഷ്യൻ കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നുണ്ടെങ്കിൽ അയാളുടെ പേര് ക്രിസ്ത്യാനൊ റോണാൾഡോ എന്നായതുകൊണ്ടാണ്.