പാരീസ്: ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലേക്ക് ക്രിസ്തുവിന്റെ മുള്‍ക്കിരീടം തിരികെ എത്തിച്ചു. നോത്രദാം ദേവാലയത്തെ വലിയ രീതിയില്‍ തകർത്ത അഗ്നിബാധയുണ്ടായ സമയത്ത് മുള്‍ക്കിരീടം സംരക്ഷിച്ച് മാറ്റിയിരുന്നു. ഓടപ്പുല്ലിലുള്ള വൃത്താകൃതിയിലുള്ള നിർമ്മിതി സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞാണ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്.
പാരീസ് ആർച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ചിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ വെള്ളിയാഴ്ചയാണ് മുള്‍ക്കിരീടം ദേവാലയത്തിലേക്ക് തിരികെ എത്തിച്ചത്.
1239 ല്‍ ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒമ്പതാമൻ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന് 135,000 ലിവറുകള്‍ ചെലവിട്ടാണ് ഈ മുള്‍ക്കിരീടം സ്വന്തമാക്കിയത്. അക്കാലത്ത് ഫ്രാൻസിന്റെ വാർഷിക ചെലവിൻ്റെ പകുതിയോളം വരുന്നതായിരുന്നു ഈ തുക. തുടക്കത്തില്‍ സീൻ നദിയിക്കരയിലെ ഇലെ ഡി ലാ സിറ്റിയില്‍, 14-ആം നൂറ്റാണ്ട് വരെ ഫ്രാൻസിലെ രാജാക്കന്മാരുടെ വസതിയായിരുന്ന മധ്യകാല പാലയ്സ് ഡി ലാ സിറ്റിയിലെ സെന്റ് ചാപ്പല്ലില്‍ സൂക്ഷിച്ചിരുന്ന മുള്‍ക്കിരീടം 1806ലാണ് നോത്രദാം ട്രഷറിയിലേക്ക് മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019-ല്‍ 850 വർഷം പഴക്കമുള്ള നോത്രദാം ദേവാലയ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടാകുന്നതുവരെ ഇവിടെ തന്നെയാണ് ഈ കിരീടം സൂക്ഷിച്ചത്. ജനുവരി 10 മുതല്‍ മുള്‍ക്കിരീടം വിശ്വാസികള്‍ക്ക് കാണാനാവുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വിശദമാക്കുന്നത്.
ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ 2019 ഏപ്രില്‍ 15നാണ് വൻ തീപിടിത്തമുണ്ടായത്. 850 വർഷം പഴക്കമുള്ള കത്തീഡ്രലിലെ അഗ്നിബാധ 15 മണിക്കൂറെടുത്തായിരുന്നു നിയന്ത്രണ വിധേയമാക്കിയത്. കത്തീഡ്രലിന്‍റെ മേല്‍ക്കൂര മൊത്തമായി അഗ്നിബാധയില്‍ കത്തിനശിച്ചിരുന്നു.
ദേവാലയത്തിന്റെ സ്തൂപിക ഒടിഞ്ഞുവീണിരുന്നു. എന്നാല്‍ അഗ്നിബാധ കത്തീഡ്രലിലെ പ്രസിദ്ധമായ ഗോപുരങ്ങളെ ബാധിച്ചിരുന്നില്ല. കത്തീഡ്രലില്‍ നടന്നുവന്ന പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ക്കിടെയായിരുന്നു 2019ല്‍ അഗ്നിബാധയുണ്ടായത്. യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് ധരിച്ചതെന്ന് പറയപ്പെടുന്ന മുള്‍ക്കിരീടം ഉള്‍പ്പടെയുള്ള വിലയേറിയ ശേഖരങ്ങള്‍ക്ക് കേടുപാടൊന്നും പറ്റിയില്ലെന്ന് അഗ്നിബാധയുണ്ടായ സമയത്ത് തന്നെ ദേവാലയ അധികൃതര്‍ അറിയിച്ചിരുന്നു.