അഭിമുഖം
40 വയസ്സ് വരെ ഫുട്ബോളിൽ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പോർച്ചുഗീസ് നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ടോക്ക് ടിവിയിൽ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തറിലെ ലോകകപ്പിനപ്പുറം താൻ ഏത് ക്ലബിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അറിയില്ലെന്നും തന്റെ കരിയറിൽ ഒരു പുതിയ അധ്യായം ഉണ്ടാകട്ടെ എന്നുമാണ് യുണൈറ്റഡ് എക്സിറ്റിനെക്കുറിച്ച് ക്രിസ്റ്റ്യാനോ സൂചന നൽകുന്നത്. വയറിലെ മസിലിന് പരിക്കേറ്റ താരം ലോകകപ്പിലെ ആദ്യ മത്സരം കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതെസമയം ഖത്തറിലെ പോർച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകൾ പങ്കുവെച്ച് റൊണാൾഡോ രംഗത്തെത്തി. ‘പോർച്ചുഗൽ ലോകകപ്പ് നേടുന്നത് താൻ സ്വപ്നം കണ്ടിരുന്നു. ഫ്രാൻസ്, സ്പെയിൻ, അർജന്റീന, ജർമ്മനി, ബ്രസീൽ തുടങ്ങിയ ടീമുകളോട് ഏറ്റുമുട്ടി ട്രോഫി ഉയർത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അറിയാം. ഞാൻ വളരെ ശുഭാപ്തിവിശ്വാസിയാണ്. ഞങ്ങൾക്ക് ഒരു മികച്ച പരിശീലകനുണ്ട്, നല്ല ഫുട്ബോൾ കളിക്കാരുമുണ്ട്. ഞങ്ങൾ ഒന്നിച്ച് ഒരു അത്ഭുതകരമായ ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ റൊണാൾഡോ മനസ് തുറന്നു.
ഈ വേനൽക്കാലത്ത് സൗദി അറേബ്യയിൽ കളിക്കാനുള്ള 350 മില്ല്യൺ രൂപയുടെ ഓഫർ താൻ നിരസിച്ചെന്നും യുണൈറ്റഡ് വിടാൻ തനിക്ക് നിരവധി ഓഫറുകൾ വന്നിരുന്നുവെന്നും റൊണാൾഡോ വെളിപ്പെടുത്തി. ‘കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനിരുന്നതാണ്. സർ അലക്സ് ഫെർഗൂസൺ ഇടപെടുന്നതിന് മുമ്പായിരുന്നു ഇത്. കൂടാതെ റാൽഫ് റാംഗ്നിക് കോച്ചായിരുന്ന സമയത്തേയും തന്റെ ഉപദേശം സ്വീകരിക്കാത്ത ക്ലബ്ബിലെ യുവ കളിക്കാരുടെ പ്രകടനത്തേയും ഞാൻ വിമർശിച്ചിരുന്നു’ റൊണാൾഡോ കൂട്ടിച്ചേർത്തു.