കൊച്ചി : അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.തനിക്ക് ഒരു കുടുംബം വേണമെന്നും നിയമപരമായി പുതിയ വിവാഹം കഴിക്കുമെന്നും നടൻ പ്രതികരിച്ചു. രണ്ടുപേർ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.”വെളുപ്പിനെ മൂന്നുമണിക്ക് വീട്ടില്‍ വന്നവർ സഹായം ചോദിച്ച് എത്തിയതാണെങ്കില്‍ ഉറപ്പായും ബെല്ലടിക്കും. ഇവർ ബെല്ലടിക്കുന്നതിന് പകരം കതക് നേരെ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീയുടെ കയ്യില്‍ ഒരു കൈക്കുഞ്ഞുമുണ്ട്. ഞാൻ കതക് തുറക്കുകയാണെങ്കില്‍, എന്തെങ്കിലും കാരണവശാല്‍ വഴക്കുണ്ടായാല്‍ എന്ത് സംഭവിക്കും.
എനിക്കെതിരെ കേസ് വരും. അവർ ആരാണെന്ന് പോലും എനിക്കറിയില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് ഇവർ അകത്തു കയറിയത്. ഇതാണ് സത്യം”.”എന്റെ പേര് 200 കോടി സ്വത്ത് വന്നു എന്ന വാർത്ത പുറത്തുവന്നതിന് ശേഷം എനിക്ക് മനസ്സമാധാനം ഇല്ല. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പോലും എനിക്ക് സംശയിക്കാം. ഞാൻ എന്റെ ആരോഗ്യം നോക്കി ഇപ്പോള്‍ ജീവിക്കുകയാണ്. ഞാനും എന്റെ കൂടെ നില്‍ക്കുന്നവരും നന്നായി ജീവിക്കും. ഞാൻ കേരളത്തില്‍ നിന്ന് മാറും. എവിടേക്കാണെന്ന് പറയില്ല. ഏത് സംസ്ഥാനത്ത് പോകുമെന്ന് പറയില്ല, എനിക്ക് കുടുംബത്തോടൊപ്പം മനസ്സമാധാനത്തില് ജീവിക്കണം”.”നിയമപരമായി മുന്നോട്ടു പോകും. ഇന്നോ നാളെയോ ഞാൻ മരിച്ചു പോയാല്‍ ആർക്കും സ്വത്തു കൊടുക്കണം അല്ല ഞാൻ തീരുമാനിക്കും. അത് ആര് വിചാരിച്ചാലും തടയാൻ കഴിയില്ല. ഭീഷണി കോളുകള്‍ വരെ വന്നിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചപ്പോള്‍ സ്വത്തെല്ലാം എനിക്ക് തന്നു. ശരീരത്തിന് ഇപ്പോള്‍ എനിക്ക് ബലം കൂടി. ഞാൻ നൂറ് ശതമാനം അടുത്ത വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിക്കും. ഞാൻ ആശുപത്രി പണിയും, ആർക്കെങ്കിലും പൈസ കൊടുക്കണം എന്ന് എനിക്ക് തോന്നിയാല്‍ ഞാൻ കൊടുക്കും. ഇല്ലെങ്കില്‍ കളഞ്ഞിട്ടു പോകും. അത് എന്റെ തീരുമാനമാണ്, വേറെ ആരുടെയും തീരുമാനമല്ല. എനിക്ക് മനസ്സമാധാനമായിട്ട് ജീവിക്കണം. എനിക്ക് കുടുംബം വേണം, ഭാര്യ വേണം, കുട്ടികള്‍ വേണം”-ബാല പറഞ്ഞു.