സിനിമ ഡസ്ക് : ദുൽഖർ സൽമാൻ ഏറ്റവും ഒടുവിൽ നായകനായി എത്തിയ ലക്കി ഭാസ്കർ എന്ന ചിത്രം ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. നവംബർ 28 മുതൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെഫേറർ ഫിലിംസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. 100 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം സംവിധാനം ചെയ്തത് വെങ്കി അറ്റ്ലൂരിയാണ്. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാസ്കർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്.
1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ദുൽഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കര്‍.അതേസമയം, കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയിലാകും താൻ അടുത്ത് അഭിനയിക്കുകയെന്ന് നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ‘ഓതിരം കടകം’ എന്നൊരു സിനിമ സൗബിൻ- ദുൽഖർ കോമ്പോയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ‘പറവ‘ക്ക് ശേഷം സൗബിനും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.