കൊച്ചി : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ് ലുക്ക് ആന്‍ഡ് ഫീലിലാവും എത്തുകയെന്ന് സൂചന തരുന്നതാണ് ടീസര്‍. ഫോറെന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വന്‍ വിജയം നേടിയ എആർഎമ്മിന് ശേഷം ടൊവിനോ നായകനായെത്തുന്ന ചിത്രമാണിത്. ലിയോയ്ക്ക് ശേഷം തൃഷയും ഗാണ്ഡീവധാരി അർജുന, ഹനുമാൻ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ്‍യും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജുകളിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. മികച്ച ദൃശ്യ ഭാഷ പുലർത്തുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി എന്ന് ടീസർ സൂചന നൽകുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തിയറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.