ചെന്നൈ : തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയും , നടി തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇരുവർക്കുമെതിരെ കടുത്ത സൈബർ ആക്രമണം. വിജയ്‍യുടെ രാഷ്ട്രീയ എതിരാളികളാണ് അധിക്ഷേപ പ്രചാരണത്തിന് പിന്നിലെന്നാണ് സൂചന. ഇതിനെതിരെ വിജയ്‍യുടെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിജയ്‍യും തൃഷയും അടുത്ത സുഹൃത്തുക്കളാണെന്നും പറയുന്നു ആരാധകര്‍.നടി കീർത്തി സുരേഷിന്റെ വിവാഹദിവസം രാവിലെ 6.45ന് ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്‍തതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. വിജയുടെ അംഗരക്ഷകർ അടക്കം ആറ് യാത്രക്കാരുടെയും പേരുകൾ പ്രചരിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ വിജയ്, തൃഷ പ്രണയ ഗോസിപ്പുകൾ ശരിവയ്ക്കുന്ന ദൃശ്യങ്ങൾ എന്നായി സോഷ്യൽ മീഡിയ. പിന്നാലെ വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സംഗീത എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയിനും തുടങ്ങി.
മുപ്പതിനായിരത്തിനടുത്ത് ട്വീറ്റുകളാണ് ഈ ഹാഷ്‍ടാഗിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയപരമായും ആശയപരമായും ടിവികെയുടെ ശത്രുക്കൾ എന്ന് വിഴുപ്പുറം സമ്മേളനത്തിൽ വിജയ് വിശേഷിപ്പിച്ച രണ്ട് പ്രമുഖ പാർട്ടികളുടെ സൈബർ വിഭാഗമാണ് അധിക്ഷേപ ട്വീറ്റുകൾക്ക്പിന്നിലെന്നാണ് സൂചന. വിജയ് , സംഗീത വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന സൂചന ടിവികെ രൂപീകരണത്തിന് പിന്നാലെ ശക്തമായി പ്രചരിച്ചിരുന്നു.ഏപ്രിലിൽ സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹസൽക്കാരത്തിലും ഒക്ടോബറിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ കുടുംബത്തിലെ സംസ്‍കാര ചടങ്ങിലും സംഗീത തനിച്ച് പങ്കെടുത്തെങ്കിലും,അടുത്തിടെയൊന്നും വിജയ്ക്കൊപ്പം പൊതുവേദികളിൽ എത്തിയിട്ടില്ല.ഗില്ലി അടക്കം സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വിജയുടെ നായിക ആയിരുന്ന തൃഷ, നീണ്ട ഇടവേളയ്ക്ക് ശേഷം ലിയോ, ഗോട്ട് സിനിമകളിൽ എത്തിയതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. ലിയോ വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു. ദ ഗോട്ടില്‍ ഒരു ഡാൻസ് രംഗത്തായിരുന്നു തൃഷയെത്തിയത്. സൈബർ ആക്രമണം തമിഴ് മാധ്യമങ്ങളിലും ചർച്ചയാകുന്നുണ്ടെങ്കിലും വിജയും തൃഷയും പ്രതികരിച്ചിട്ടില്ല.