സിനിമ ഡസ്ക് : തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുന്ന വാർത്ത വലിയ ആവേശത്തോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ചിത്രം പ്രഖ്യാപിച്ചതുമുതൽ മോഹൻലാലിന് അതിഥിവേഷമായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിന് മുഴുനീള കഥാപാത്രമാണെന്ന് പറയുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. കൂടാതെ, ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബഹനും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മഹേഷ് വ്യക്തമാക്കി.
‘ഇത് ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയല്ല. ചിത്രത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് കൂടുതൽ സംസാരിക്കാനുമാകില്ല. ഫഹദും കുഞ്ചാക്കോ ബോബനും നല്ല സുഹൃത്തുക്കളാണ്. അവർ ഒപ്പമുള്ളത് വലിയ സന്തോഷമാണ്. അതിഥി താരങ്ങളായിട്ടല്ല അവർ ചിത്രത്തിലെത്തുന്നത്. ലാൽ സാറിന്റെ കാര്യവും അങ്ങിനെയാണ്. മുഴുനീള വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ഇവരെയെല്ലാം ഒരുമിച്ച് സ്ക്രീനിൽ അവതരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി’, മഹേഷ് നാരായണൻ പറഞ്ഞു.പതിനാറുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നത്. പതിനൊന്നുവർഷംമുൻപ് മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ൽ ട്വന്റി-20 യിലാണ്. ശ്രീലങ്കയിലായിരിക്കും മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഭാഗങ്ങൾ ചിത്രീകരിക്കുകയെന്ന് സൂചനുണ്ട്.ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകർ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണൻ ചിത്രത്തിലൂടെ അവസാനമാകുന്നത്. ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റ് മുതൽ ഓരോന്നും മലയാള സിനിമാചരിത്രത്തിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.