കൊച്ചി : സിനിമാ മേഖലയില്‍ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഹൈക്കോടതിയെ സമീപിച്ചു.സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്.
ഹർജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.എല്ലാവര്‍ക്കും തുല്യതയും സുരക്ഷിതത്വവും ഉരപ്പാക്കുന്ന തൊഴിലിടമായി സിനിമ മേഖല മാറേണ്ടതിന്റെ ആവശ്യകതയും ഡബ്ല്യുസിസി കോടതിയില്‍ വ്യക്തമാക്കി. പെരുമാറ്റചട്ടം ആവിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളുന്ന ഫേസ്ബുക്ക് പോസ്റ്റ് ഡബ്ല്യുസിസി നേരത്തെ പങ്കുവെച്ചിരുന്നു. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും പരിഹാരം കാണുകയും വേണം, എല്ലാവരുടേയും അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പിക്കണം തുടങ്ങിയ നിർദേശങ്ങള്‍ പങ്കുവച്ചിരുന്നു. മാത്രമല്ല ഡബ്ല്യുസിസി തയാറാക്കിയ നിയമ നിർമാണത്തിന്റെ കരട് രേഖ കൂടി പരിഗണിക്കണമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.എല്ലാവര്‍ക്കും കരാര്‍, എല്ലാവര്‍ക്കും അടിസ്ഥാന അവകാശങ്ങള്‍, ഓരോ സിനിമയ്ക്കും ഫിലിം ഇന്‍ഷൂറന്‍സ്, ഓരോ സിനിമയ്ക്കും ഓരോ ജീവനക്കാര്‍ക്കും ഔദ്യോഗിക ഐഡി കാര്‍ഡുകള്‍, പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും തിരുത്തല്‍ നടപടികളും അടക്കമുള്ള നിര്‍ദേശങ്ങളാണ് ഡബ്ല്യൂസിസി മുന്നോട്ട് വെക്കുന്നത്.