തൃപ്പൂണിത്തുറ: ‘എനിക്ക് സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’.പുതിയകാവ്-തൃപ്പൂണിത്തുറ റോഡില്‍ സ്ഥാപിച്ച വലിയ ഹോര്‍ഡിംഗിലാണ് ഒരു യുവ സിനിമാപ്രേമി ഈ വാക്കുകള്‍ എഴുതിയിരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്‍റെ ചിത്രവും ഫോണ്‍ നമ്ബറും. കോട്ടയം പനച്ചിക്കാട് കുരീക്കാവ് വീട്ടില്‍ ശരത് (26) ആണ് സിനിമാക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തത്. 10 വര്‍ഷമായി സിനിമയില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശരത് ഈ വഴി സ്വീകരിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ ശരത് പല സിനിമാ ലൊക്കേഷനുകളിലും സംവിധായകരുടെ അടുത്തും അവസരങ്ങള്‍ തേടിയിട്ടുണ്ട്.ബിരുദം നേടിയ ശേഷവും അവസരങ്ങള്‍ ചോദിക്കുന്നതിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പല ഓഡിഷനുകളിലും പങ്കെടുത്തു. തനിക്ക് അനുയോജ്യമായ വേഷമില്ലാത്തതിനാലാണ് തന്നെ എവിടെയും പരിഗണിക്കാതിരുന്നതെന്ന് ശരത് പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാന വേഷം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ധാരാളം സിനിമാ പ്രവര്‍ത്തകരുള്ള എറണാകുളം ജില്ലയില്‍ ഒരു ഹോര്‍ഡിംഗ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ശരത് ഇപ്പോള്‍ കോട്ടയത്ത് ഒരു സ്വകാര്യ ബസ് ഓടിക്കുന്നു. മൂന്ന് മാസം കൊണ്ട് സമാഹരിച്ച 25,000 രൂപയാണ് പരസ്യം സ്ഥാപിക്കാന്‍ ചെലവഴിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. “ഒരുപാട് സിനിമാക്കാര്‍ ഈ വഴിക്ക് പോകുന്നു. ആരെങ്കിലും ഈ പരസ്യം കണ്ടിട്ട് വിളിക്കുമായിരിക്കും.” ശരത്ത് പറഞ്ഞു.