കൊച്ചി: നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് പേർ കസ്റ്റഡിയിലായി. മരട് സ്റ്റാച്യു ജംങ്ഷനിലെ രണ്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് ഗുണ്ടകളുടെ മീറ്റപ്പ് നടക്കുന്നുവെന്നും ഒരു സിനിമാ കമ്ബനിയുടെ ലോഞ്ചിംഗ് ആണ് എന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒരു സിനിമാ കമ്ബനിയുടെ ലോഞ്ചിംഗ് പാർട്ടിയാണെന്നായിരുന്നു സംഘാടകർ നൽകിയ മൊഴിയിൽ പറയുന്നത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറ് പേരെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം കളിയിക്കാവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരാണ് ഈ സംഘം. ഇവരിൽ നിന്ന് തോക്ക് ഉൾപ്പെടെയുള്ള മാരക ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരിൽ മൂന്ന് പേർ ക്രിമിനലുകളാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒത്തുചേരലിന്റെ മുഖ്യ സംഘാടകൻ തിരുവനന്തപുരം സ്വദേശി ആഷ്ലി എന്ന വ്യക്തിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് ഹോട്ടലിൽ എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആഷ്ലി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതികളുടേത് കരുതൽതടങ്കലാണെന്നും പൊലീസ് പറയുന്നു. ആഷ്ലി കൊച്ചിയിലേക്ക് വന്നത് അനുമതിയോടെയാണോ, ഇയാളുടെ വരവിന്റെ ഉദ്ദേശം എന്തായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ഔദ്യോഗികമായി പുറത്ത് പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ഒരു തോക്കും പെപ്പർ സ്പ്രേയും കത്തിയും പോലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷൻ കമ്ബനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. ഇവരിൽ മൂന്ന് പേർക്ക് ഇതുവരെ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് പറയുന്നു.