വാഷിങ്ടൺ : വിവാദ പൗരത്വനിയമഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് നിയമമെന്ന് യു.എൻ ചൂണ്ടിക്കാട്ടി. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി അമേരിക്കയും വ്യക്തമാക്കി. അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യു.എൻ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. നിയമം അന്താരാഷ്ട്ര തലത്തില്‍ രാജ്യം പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. നിയമം ഏത് രീതിയില്‍ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണ്. മതവിസ്വാന്ത്ര്യത്തിനുള്ള അവകാശവും എല്ലാ സമുദായത്തില്‍പ്പെട്ടവർക്ക് തുല്യപരിഗണന നല്‍കുന്നതും അടിസ്ഥാന ജനാധിപത്വ തത്വങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ കേന്ദ്രം തിങ്കളാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളില്‍നിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്ലിമിതര അഭയാർഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്കുന്ന നിയമഭേദഗതി 2019-ലാണ് പാർലമെന്റ് പാസാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തില്‍നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവർക്ക് അപേക്ഷിക്കാം.