ന്യൂസ് ഡെസ്ക് : ക്ലാസ്മേറ്റ്സ് സിനിമയില്‍ കാവ്യാ മാധവൻ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നുവെന്ന് സംവിധായകൻ ലാല്‍ ജോസ്.തിരക്കഥ മുഴുവൻ വായിച്ചപ്പോള്‍, റസിയയാണ് നായികയെന്നും തനിക്ക് റസിയയുടെ കഥാപാത്രം തന്നെ വേണമെന്നും കാവ്യ നിര്‍ബന്ധം പിടിച്ചു. പക്ഷേ താരമൂല്യമുള്ള കാവ്യ ആ കഥാപാത്രം ചെയ്താല്‍ ആ വേഷത്തിന്റെ പ്രധാന്യം ആദ്യം തന്നെ പ്രേക്ഷകര്‍ക്കു ബോധ്യമാകുമെന്ന് ലാല്‍ജോസിന് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.
”ക്ലാസ്മേറ്റ്സിലെ ആദ്യ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ കാവ്യ മാത്രം വന്നിരുന്നില്ല. കരാര്‍ ഒപ്പിടുന്ന സമയത്ത് റഫ് ആയി മാത്രം ഒരു കഥ ഞാൻ പറഞ്ഞിരുന്നു. ”കഥ മുഴുവൻ പിടികിട്ടിയില്ല, പിന്നെ ലാലു ചേട്ടന്റെ പടമല്ലേ, ഞാനങ്ങട് പൂവാന്ന് വച്ചു” എന്ന് പിന്നീട് കാവ്യ ആരോടോ പറഞ്ഞുവെന്ന് കേട്ടു. പിടികിട്ടാണ്ട് അഭിനയിക്കാൻ പാടില്ല, അതുകൊണ്ട് മുഴുവൻ കഥയും കാവ്യയോട് പറയാൻ ജയിംസിനോട് ഞാൻ ആവശ്യപ്പെട്ടു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് ജയിംസ് എന്നോടു പറഞ്ഞു. കണ്ണില്‍ നിന്നൊക്കെ വെള്ളം വന്ന് മാറി ഇരിക്കുകയാണ് കാവ്യ. കഥ കേട്ടതിന്റെ ഇമോഷൻ കൊണ്ടാകും കരയുന്നതെന്ന് ഞാനും പറഞ്ഞു. എല്ലാവരും ലൊക്കേഷനില്‍ റെഡിയാണ്, പെട്ടെന്നു വരാൻ പറഞ്ഞ് ഞാനും ദേഷ്യം പിടിക്കാൻ തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ കാവ്യ വരാൻ കൂട്ടാക്കിയില്ല. ഒടുവില്‍ കാര്യമെന്തെന്ന് അറിയാൻ ഞാന്‍ നേരിട്ടു ചെന്നു. കാവ്യയുടെ പ്രശ്നം ഈ പടത്തിലെ നായിക താനല്ല, അത് റസിയ ആണെന്നതായിരുന്നു. റസിയയെ കാവ്യ ചെയ്യാമെന്നും താര കുറുപ്പിനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാനും പറഞ്ഞു. കാവ്യയെക്കൊണ്ട് ഒരിക്കലും റസിയയെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാവ്യയെപ്പോലെ ഇത്രയും താരമൂല്യം ഉള്ള ഒരാള്‍ റസിയയുടെ കഥാപാത്രം ചെയ്യുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കു മനസ്സിലാകും ഈ കഥാപാത്രം കൊണ്ട് സിനിമയിലെന്തോ പരിപാടിയുണ്ടെന്ന്. അതുകൊണ്ട് ആ കഥാപാത്രം എന്തായാലും കാവ്യ ചെയ്യാൻ പറ്റില്ല.
പിന്നെ ഞാൻ കാവ്യയോട് പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ട്, എല്ലാ പ്രണയകഥകളിലും കോമണ്‍ ആയിട്ടുള്ള ഒന്നുണ്ട്. ആദ്യം രണ്ടുപേരും വഴക്കടിക്കും, പിന്നെ പ്രണയിക്കും, അത് തീവ്രമാകും. പിന്നെ അത് സഫലമാകാതെ എന്തെങ്കിലും കുഴപ്പം വരും. ഒന്നുകില്‍ അസുഖമാകാം, ചിലപ്പോള്‍ സാമ്പത്തിക അന്തരമാകാം. ഇതൊന്നുമല്ലെങ്കില്‍ ഒരാള്‍ മറ്റൊരാളെ ഇഷ്ടപ്പെട്ടു വേറെ വഴിക്ക് പോകുന്നു. അങ്ങനെ എന്തെങ്കിലും ഒക്കെ കുഴപ്പമുണ്ടായി ഇവര്‍ പിരിയുകയാണ്. പിന്നീട് എന്തെങ്കിലും സംഭവിച്ച് അവര്‍ ഒരുമിക്കുന്നു. ഇതാണ് എല്ലാ പ്രസിദ്ധമായ പ്രണയങ്ങളുടെയും രീതി. ഇവിടെ താരയുടെയും സുകുവിന്റെയും പ്രണയത്തിന് ഭംഗം വരുത്തുന്നത് അവരറിയാത്ത മറ്റൊരു പ്രണയമാണ്. ഇവര്‍ പിരിയാനുള്ള പ്രധാന കാരണമാണ് റസിയയുടെ പ്രണയവും മുരളിയുടെ മരണവും ഒക്കെ. അത് കാവ്യ മനസ്സിലാക്കണം, കാവ്യ തന്നെയാണ് അല്ലെങ്കില്‍ താര തന്നെയാണ് സിനിമയിലെ നായിക. സുകുവാണ് സിനിമയിലെ നായകൻ. അവരുടെ പ്രണയ നദിക്ക് ഉണ്ടാകുന്ന വിഘ്നമാണ് റസിയയുടെയും മുരളിയുടെയും പ്രണയം.
ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് കാവ്യ അഭിനയിക്കാൻ വരുന്നത്. ഞാനാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയില്‍ അവളെ അവതരിപ്പിച്ചത് എന്നുള്ളതുകൊണ്ടാണ് അപ്പോഴും ഈ ചിത്രം ചെയ്യാൻ കാവ്യ തയാറായത്. ‘മീശമാധവൻ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയില്‍ അവള് എന്നോടൊപ്പം വര്‍ക്ക് ചെയ്തതുമാണ്. ആ ഒരു കടപ്പാടും സ്നേഹവും ഉള്ളതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാം എന്ന് സമ്മതിച്ചത്. കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്. ഫൈനല്‍ സ്റ്റേജില്‍ എത്തുമ്പോള്‍ റസിയ സ്കോര്‍ ചെയ്യുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. പക്ഷേ അത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അല്ലെങ്കില്‍ ആ സിനിമ ഇല്ലല്ലോ. അങ്ങനെയാണ് ക്ലാസ്മേറ്റ്സിന്റെ ഷൂട്ടിങ് നടക്കുന്നത്. ഭയങ്കര രസകരമായ ഒരുപാട് ഓര്‍മകള്‍ ഉണ്ട് അതില്‍.