ഫ്ളോറിഡ : ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്റില്‍ വമ്ബൻ അട്ടിമറി. ഇംഗ്ലീഷ് ഫുട്ബോള്‍ വമ്ബന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സൗദി ക്ലബ് അല്‍ ഹിലാല്‍ പരാജയപ്പെടുത്തി.120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഹിലാലിന്റെ വിജയം. ഇതാദ്യമായാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പില്‍ ഒരു മത്സരത്തില്‍ പരാജയപ്പെടുന്നത്. മുമ്പ ബാഴ്സലോണ, ബയേണ്‍ മ്യൂണിക് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള പെപ് ഗ്വാർഡിയോള ഇതാദ്യമായി ക്ലബ് ലോകകപ്പിലെ ഒരു മത്സരത്തില്‍ പരാജയപ്പെട്ടു.
മത്സരത്തില്‍ ആദ്യം താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഒമ്ബതാം മിനിറ്റില്‍ ബെർണാണ്ടോ ഡി സില്‍വയുടെ ഗോളിലൂടെ സിറ്റി സംഘം മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നില്‍ക്കാനും സിറ്റിക്ക് സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിലാണ് മത്സരം കൂടുതല്‍ ആവേശകരമായത്. 46-ാം മിനിറ്റില്‍ മാർക്കോസ് ലിയോനാർഡോയുടെ ഗോള്‍ അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. ജോവോ കാന്‍സലോയുടെ ഷോട്ട് സിറ്റി ഗോള്‍കീപ്പർ എഡേഴ്സണ് തടഞ്ഞിട്ടെങ്കിലും ലിയോനാർഡോ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി. തൊട്ടുപിന്നാലെ 52-ാം മിനിറ്റില്‍ കാൻസലോ നല്കിയ പാസ് കൃത്യമായി സ്വീകരിച്ച് മുന്നേറിയ മാല്‍കോം അല്‍ ഹിലാലിനായി വീണ്ടും വലചലിപ്പിച്ചു. ഇതോടെ മത്സരത്തില്‍ 2-1ന് അല്‍ ഹിലാല്‍ മുന്നിലെത്തി.
എന്നാല്‍ അല്‍ ഹിലാലിന്റെ ആഘോഷങ്ങള്‍ക്ക് ഏതാനും മിനിറ്റുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. 55-ാം മിനിറ്റില്‍ എർലിങ് ഹാലണ്ട് വലചലിപ്പിച്ചു. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരത്തില്‍ ഒപ്പമെത്താൻ സാധിച്ചു. പിന്നീട് ഇരുടീമുകളും മത്സരിച്ച് പോരാടിയെങ്കിലും നിശ്ചിത സമയം പൂർത്തിയാകും വരെ ആർക്കും വലചലിപ്പിക്കാൻ സാധിച്ചില്ല.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 94-ാം മിനിറ്റില്‍ കാലിദൊ കൗലിബാലിയുടെ ഗോളില്‍ അല്‍ ഹിലാല്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ 104-ാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെ സിറ്റി ഒരിക്കല്‍ കൂടി സമനില ഗോള്‍ കണ്ടെത്തി. ഒടുവില്‍ സിറ്റി ആധിപത്യത്തിന് അവസാനമായത് 112-ാം മിനിറ്റിലെ മാർക്കോസ് ലിയോനാർഡോയുടെ ഗോളിലൂടെയായിരുന്നു. സിറ്റി താരങ്ങളുടെ മുന്നേറ്റങ്ങള്‍ ശക്തമായി പ്രതിരോധിച്ച അല്‍ ഹിലാല്‍ ഗോള്‍കീപ്പർ യാസിന് ബോനുവിന്റെ പ്രകടനവും നിർണായകമായി. അവശേഷിച്ച എട്ട് മിനിറ്റില്‍ ഒരു തിരിച്ചടിക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ഇതോടെ 4-3ന് അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കി.