കോട്ടയം: നാലാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് സി.എം.എസ്. കോളജ് തിയറ്ററില്‍ വര്‍ണാഭമായ തുടക്കം. പ്രശസ്ത പരിസ്ഥിതി സംരക്ഷകനും ഫോട്ടോ ഗ്രാഫറുമായ പി. മനോജ് ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ മുങ്ങിയ ഇറാനിലുടെ ഒരു സംഗീതസംഘം നടത്തുന്ന യാത്ര പ്രമേയമായ ‘ബെന്റര്‍ ബാന്‍ഡ്’ ആയിരുന്നു ഉദ്ഘാടന ചിത്രം.
ആദ്യദിവസം 17 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 2022 ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ വിയറ്റ്‌നാമീസ് ചിത്രം ‘ദി എറ്റേണല്‍ സ്പ്രിങ് ടൈം’ കണ്ടല്‍ ജവിതം ആവിഷ്‌കരിക്കുന്ന ‘മാന്‍ഗ്രോ ലൈഫ് ഓഫ് മേരി’, എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറുന്ന ഒരു പശുവിന്റെ കഥപറയുന്ന ‘ജീവനാശിനി’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. സംവിധായകരായ റാഫി നീലംകാവില്‍, ടോണി സുകുമാര്‍, വിപിൻ പുത്തൂർ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം സംസ്ഥാന അവാര്‍ഡ് നേടിയ ‘ബൊണാമി’ എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ കവിയൂര്‍ ശിവപ്രസാദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജയരാജ്, കോട്ടയം ഫിലിം സൊസെറ്റി സെക്രട്ടറി പ്രദീപ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്രതാരം വൈഷ്ണി മുഖ്യാതിഥിയായിരുന്നു.
ഇന്ന് 17 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതലാണു പ്രദര്‍ശനം. വൈകുന്നേരം 5.45ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും.
ബേഡ്‌സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമി, സി.എം.എസ്. കോളജ്, കോട്ടയം ഫിലിം സൊസൈറ്റി, ജയരാജ് ഫൗണ്ടേഷന്‍, ജെ.എഫ്.സി, എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവലില്‍ സംഘടിപ്പിച്ചിരിക്കുന്നത്.