തിരുവനന്തപുരം : കേരളത്തിലെ കുപ്രസിദ്ധ മയക്കു മരുന്ന് കടത്തുകാരനായ അടിമാലി പറത്താഴത്തു വീട്ടിൽ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോനെ ഇന്ന് പുലർച്ചെ സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് പിടികൂടി. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലെ വിവിധ കേസ്സുകളിലെ പ്രതി ആയ ഷാജിമോൻ റിമാൻഡിൽ ആയിരിക്കെ ഹൈകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി. കൊമ്മേഴ്സിയൽ ക്വാണ്ടിറ്റി കേസ്സുകളിൽ 180 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയാൽ ജാമ്യം ഇല്ലെന്ന എൻ ഡി പി എസ് ആക്റ്റ് 37 വകുപ്പിന് ആധാരമായി ഈ കേസ്സുകളിൽ എക്സൈസ് വകുപ്പ് സുപ്രീം കോടതിയിൽ അപ്പീൽ പോവുകയും ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയും ഉണ്ടായി. തുടർന്ന് ഒളിവിൽ പോയ മൂർഖൻ ഷാജി വെസ്റ്റ് ബംഗാൾ, ബീഹാർ, ഒറീസ്സ, ആന്ധ്രാ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ് തൂത്തുകൂടി വഴി ഹാഷിഷ് ഓയിൽ കടത്തിൽ സജീവമാവുക ആയിരുന്നു. ഇതിനിടെ പാലക്കാട് പിടികൂടിയ 22കിലോ ഹാഷിഷ് ഓയിൽ കടത്ത് കേസ്സിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ട് പ്രതി ചേർക്കുകയും ഇയ്യാൾക്കെതിരെ എക്സൈസ് ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. നക്ക്സൽ മേഖലയി ഉള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറ്റി കഴിഞ്ഞു വന്ന ഷാജിമോൻ കഞ്ചാവ് വറ്റി ഹാഷിഷ് ഓയിൽ വൻ തോതിൽ നിർമ്മിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വരികയായിരുന്നു. ഇതിനിടെ ഈ കാലയളവിൽ ഷാജിമോൻ കൊടൈക്കനാലിൽ വാങ്ങിയ 9 ഏക്കർ വസ്തുവിന്റെ ഇടപാടിന് മെയ് മാസം തമിഴ് നാട്ടിലെ ശ്രീരംഗത്തു വരികയും അവിടെ വച്ച് ഷാജിയുടെ എതിർ മയക്കു മരുന്ന് കടത്തു സംഘവുമായി നടന്ന സംഘർഷത്തെ തുടർന്ന് ശ്രീരംഗം പോലീസിന്റെ പിടിയിൽ ആയെങ്കിലും അവിടെ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയുണ്ടായി. കഴിഞ്ഞ 5 വർഷത്തെ നിരന്തര പരിശ്രമത്തിനോടുവിലാണ് സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് ഇന്ന് പുലർച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്ത് നിന്നും പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡിന്റെ ചുമതല ഉള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ്സ് മധുസൂദനൻ നായർ, കെ വി വിനോദ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി എസ്സ് മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, എം വിശാഖ്, രജിത്ത് കെ ആർ, എം എം അരുൺ കുമാർ, ബസന്ത് കുമാർ, രജിത്ത് ആർ നായർ, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവർ അടങ്ങുന്ന സംഘം ആണ് മൂർഖൻ ഷാജിയെ പിടികൂടിയത്.