പാലാ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ വീട് കയറി ആക്രമണം. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥികൾ താമസിക്കുന്ന കുമ്മണ്ണൂർ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള വീട്ടിലാണ് ഇന്നലെ രാത്രി അക്രമം ഉണ്ടായത്. എസ്.എഫ്.ഐ പാലാ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു.
കെ.എസ്.യു പ്രവർത്തകരെ ഭീഷണിപ്പെടുത്താനായി എത്തിയ എസ്.എഫ്.ഐക്കാർ വീടുമാറി അക്രമം നടത്തിയത് എസ്.എഫ്.ഐ അനുഭാവികൾ താമസിക്കുന്ന വീട്ടിലാണെന്നും കെ.എസ്.യു ആരോപണം ഉയർത്തിയിട്ടുണ്ട്. ആക്രമണം നടന്ന വീടിന്റെ മീറ്റർബോക്‌സ് തകർത്ത് വൈദ്യുതി വിച്ഛേദിച്ച ശേഷമായിരുന്നു അക്രമം. ബഹളം കേട്ട് വിദ്യാർഥികൾ വാതിൽ പൂട്ടി രക്ഷെപെടുകയായിരുന്നു. ഇതോടെ വീടിന് പുറത്തെ ലൈറ്റുകളും കുടിവെള്ള ടാപ്പും കസേരകളും അടിച്ചു തകർത്തു. കെ.എസ്.യു പ്രവർത്തകർക്ക് നേരെ കൊലവിളിയും നടത്തിയാണ് അക്രമിസംഘം മടങ്ങിയത്. വെളിച്ചമില്ലാതിരുന്നതിനാൽ ആളുമാറിയത് അറിഞ്ഞുമില്ല. കിടങ്ങൂർ പോലീസ് രാത്രി തന്നെ സ്ഥലത്ത് എത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യയന വർഷം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെ ചൊവ്വാഴ്ചയാണ് മിക്ക കോളേജുകളിലും തിരഞ്ഞെടുപ്പ്. കോളേജുകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ എംജി യൂണിവേഴ്സിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. എങ്കിലും യൂണിവേഴ്‌സിറ്റി നിർദ്ദേശാനുസരണം തുടങ്ങിവച്ച തിരഞ്ഞെടുപ്പ് നടപടികൾ നടത്തി തീർക്കാനാണ് മിക്ക കോളേജുകളും ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റി അധികൃതരുമായി നല്ല ബന്ധം സൂക്ഷിക്കാനും ഫണ്ടുകൾ ഉൾപ്പെടെ ലഭിക്കാനും ഇതുവഴി സാധിക്കുമെന്ന് മാനേജ്മെന്റുകളും കണക്കുകൂട്ടുന്നു
ക്യാമ്പസിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ പാലാ ഡിവൈ.എസ്.പിക്ക് പരാതി നൽകി. പരാജയ ഭീതിമൂലമാണ് എസ്.എഫ്.ഐ അക്രമം നടത്തുന്നതെന്ന് കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ആയുധം താഴെ വച്ച് സർഗ്ഗാത്മകമായി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും ജനാധിപത്യപരമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ.എസ്.യു യൂണിറ്റ് കമ്മിറ്റി അറിയിച്ചു.