എറണാകുളം: സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇത്തരം രാഷ്ട്രീയ അതിപ്രസരത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഇക്കാര്യം പലതവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖല മികച്ചതാണെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ് കിടക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനായ് രാജ്യം വിടേണ്ട അവസ്ഥയാണ്. സര്‍വകലാശാലകളിലെ സ്വയം ഭരണാവകാശം സംരക്ഷിക്കാന്‍ പരാമാവധി ശ്രമിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സംഘര്‍ഷത്തിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ സുതാര്യത ഉറപ്പ് വരുത്താനാണ് ഗവര്‍ണര്‍ ഈ പദവി ഏറ്റെടുത്തിരിക്കുന്നതെന്നും പറഞ്ഞു. സര്‍വകലാശാലകളില്‍ ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്.മുഖ്യമന്ത്രി ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്നും ഇതിനായി ഓഡിനന്‍സ് കൊണ്ടുവരണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം വര്‍ധിച്ച സാഹചര്യത്തില്‍ ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയതിന് പിറകെയാണ് ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് വീണ്ടും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.