തിരുവനന്തപുരം: മഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്ജ്. ഈ കേസിനെ കുറിച്ച് ഫോണില്‍ പോലും ബിനീഷ് കോടിയേരിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും ഷോണ്‍ ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഫോണില്‍ പോലും ബിനീഷുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവര്‍ക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോണ്‍ പറഞ്ഞു.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പി.വി പിണറായി വിജയൻ തന്നെയാണെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. 2023 സെപ്തംബര്‍ 29 ന് താൻ എസ്‌എഫ്‌ഐഎക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നല്‍കി. ഈ മാസം അഞ്ചിനാണ് സിഎംആര്‍എല്ലും കെഎസ്‌ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നല്‍കിയത്. ഈ മറുപടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നല്‍കി. അതിനുള്ള മറുപടിയും താൻ ഫയല്‍ ചെയ്തിട്ടുണ്ട്. ആറ് മാസമായി സ്പെഷല്‍ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോണും ചോര്‍ത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.