കോഴിക്കോട്: ചികിത്സ വൈകിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. നവംബർ 4നാണ് ഇവർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്.
മാനസിക രോഗത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നല്‍കിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.